വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ജാതിക്ക മോഷണം പോകുന്നതു വ്യാപകമാകുന്നു. വീടുകളിൽ ഉണങ്ങാനിട്ടതും ഉണക്കി സൂക്ഷിച്ചതുമായ ജാതിക്ക, ജാതിപത്രി എന്നിവയാണ് മോഷണംപോകുന്നത്.
സാധനങ്ങൾ വിറ്റഴിക്കുന്നവരെന്ന വ്യാജേന പകൽ തോളിൽ ബാഗുമായി വീടുകളിലെത്തുന്നവർ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ജാതിക്ക ബാഗിൽ വാരിനിറച്ചു കടന്നുകളയുകയാണെന്നു വീട്ടുകാർ പരാതിപ്പെടുന്നു. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ചാണു മോഷ്ടാക്കൾ എത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് കൊടുങ്ങയിലെ ഗോപാലകൃഷ്ണൻ മടപ്പാട്ടിന്റെ വീട്ടിലെത്തിയ ആൾ സിറ്റൗട്ടിൽ വാതിലിനോടുചേർന്ന് സൂക്ഷിച്ച ഉണങ്ങിയ ജാതിപത്രി ബാഗിൽ നിറച്ച് കടന്നുകളഞ്ഞിരുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊടുങ്ങയിലെ ആൻഡ്രൂസിന്റെ വീട്ടുവരാന്തയിൽ ഉണങ്ങാനിട്ടിരുന്ന ജാതിക്കയും കഴിഞ്ഞദിവസം മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും വീട്ടുടമ വെള്ളിക്കുളങ്ങര പോലീസിനു കൈമാറിയിട്ടുണ്ട്. കോടശേരി പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും ജാതിക്കമോഷണം പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.